Saturday, December 27, 2025

ഇതാണോ കാനഡയിലെ ചികിത്സ? ഇന്ത്യൻ വംശജന്റെ മരണത്തിൽ ആശുപത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മസ്ക്

ന്യൂയോർക്ക്: ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ച സംഭവത്തിൽ കനേഡിയൻ സർക്കാരിനെയും ആരോഗ്യ സംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ആൽബർട്ടയിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് പ്രശാന്ത് ശ്രീകുമാർ (44) മരണപ്പെട്ട സംഭവത്തിലാണ് മസ്കിന്റെ പ്രതികരണം“. സർക്കാർ ആരോഗ്യ പരിരക്ഷ നൽകുമ്പോൾ അത് ഡി.എം.വി (മോട്ടോർ വാഹന വകുപ്പ്) പോലെ മോശമായിരിക്കും” എന്നാണ് കാനഡയിലെ സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആശുപത്രിയിൽ നിന്ന് പ്രശാന്തിന്റെ ഭാര്യ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ ഭർത്താവിനെ ആശുപത്രി അധികൃതർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ വിഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. കടുത്ത നെഞ്ചുവേദനയുമായി ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 12:15-ന് ആശുപത്രിയിലെത്തിയ പ്രശാന്തിനെ രാത്രി 8:50 വരെ എമർജൻസി റൂമിൽ ഇരുത്തി. രക്തസമ്മർദ്ദം (BP) 210 വരെ ഉയർന്നിട്ടും വെറും ‘ടൈലനോൾ’ (Tylenol) ഗുളിക മാത്രമാണ് നൽകിയതെന്നും നെഞ്ചുവേദന അടിയന്തര സാഹചര്യമല്ലെന്നാണ് ജീവനക്കാർ പറഞ്ഞതെന്നും അവർ ആരോപിക്കുന്നു.

ചികിത്സയ്ക്കായി അകത്തേക്ക് വിളിച്ച ഉടനെ പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയമത്രയും സുരക്ഷാ ജീവനക്കാർ തന്നോട് മോശമായാണ് പെരുമാറിയതെന്നും നീതി ലഭിക്കണമെന്നും പ്രശാന്തിന്റെ ഭാര്യ വിഡിയോയിലൂടെ ആവശ്യപ്പെട്ടു. ഈ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് കാനഡയിലെ ആരോഗ്യരംഗത്തെ വീഴ്ചകളെ മസ്ക് കടന്നാക്രമിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!