കീവ്: സാപ്പോറീഷ്യ മേഖലയിലെ കോസിറ്റ്സെവെ ഗ്രാമം പിടിച്ചെടുത്ത് റഷ്യൻ സൈന്യം. ഇതോടെ ഏകദേശം 23 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി റഷ്യയുടെ നിയന്ത്രണത്തിലായി. മേഖലയിലെ പ്രധാന നഗരമായ ഹുലായ്‌പോൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ഇപ്പോഴത്തെ നീക്കം. നിലവിൽ യുക്രെയ്‌ന്റെ 19 ശതമാനത്തോളം ഭാഗം റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്.
അതേസമയം, ഹുലായ്‌പോളിൽ നുഴഞ്ഞുകയറിയ മൂന്ന് റഷ്യൻ സൈനികരുടെ തന്ത്രത്തിൽപ്പെട്ട് യുക്രെയ്ൻ യൂണിറ്റ് തങ്ങളുടെ പോസ്റ്റ് ഉപേക്ഷിച്ചത് പ്രതിരോധത്തിന് വലിയ തിരിച്ചടിയായി. മതിയായ സൈനികർ ഉണ്ടായിരുന്നിട്ടും പോരാടാതെ പിന്മാറിയത് വീഴ്ചയാണെന്ന് കമാൻഡർ ചൂണ്ടിക്കാട്ടി.

മറ്റൊരു നഗരമായ പൊക്രോവ്സ്കിന് ചുറ്റും റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. എന്നാൽ നഗരത്തിന്റെ വടക്കൻ ഭാഗം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രെയ്ന്റെ അവകാശം. മിർനോഹ്‌റാഡ് നഗരത്തിൽ നിന്ന് തങ്ങളെ തുരത്താനാണ് റഷ്യ ശ്രമിക്കുന്നതെന്നും അവിടേക്ക് കൂടുതൽ സൈനികരെ അയച്ചതായും യുക്രെയ്ൻ വ്യക്തമാക്കി. ഇരുപക്ഷവും തമ്മിൽ അതിശക്തമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
