ബെയ്ജിങ്: രണ്ടു സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ച് ലോക റെക്കോർഡിലേക്ക് ചൈന. ചൈനയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകരാണ് പുതിയ അതിവേഗ ട്രെയിൻ അവതരിപ്പിച്ചത്. മാഗ്ലേവ് (മാഗ്നറ്റിക് ലെവിറ്റേഷൻ) എന്നാണ് പുതിയ ട്രെയിനിൻ്റെ പേര്. ഏകദേശം ഒരു ടൺ ഭാരമുള്ള ഒരു ട്രെയിൻ ബോഗിയാണ് 400 മീറ്റർ നീളമുള്ള മാഗ്നറ്റിക് ലെവിറ്റേഷൻ ട്രാക്കിലൂടെ ഓട്ടം നടത്തി പരീക്ഷിച്ചത്. മാത്രമല്ല, 700 കിലോമീറ്റർ വേഗമാർജിച്ച ശേഷം ട്രെയിൻ സുരക്ഷിതമായി നിർത്തുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ സൂപ്പർകണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്ലേവ് ട്രെയിനാണ് ഇത്. ഗവേഷകർ പുറത്തുവിട്ട വിഡിയോയിൽ ഒരു മിന്നൽ പോലെ പോകുന്ന ട്രെയിൻ കാണാം.
നഗരകേന്ദ്രത്തിൽനിന്ന് പുഡോങ് വിമാനത്താവളത്തിലേക്കുള്ള 30 കിലോമീറ്റർ നീളുന്ന ഈ സർവീസിന് 8 മിനിറ്റോളമാണ് സമയമെടുക്കുക. മണിക്കൂറിൽ 430 കി.മീയാണ് ഇതിന്റെ വേഗം.

ചക്രങ്ങളില്ലാതെ കാന്തിക ശക്തി ഉപയോഗിച്ച് പാളത്തിനു മുകളിലൂടെ പായുന്ന അതിവേഗ ട്രെയിനാണ് മാഗ്ലേവ് ട്രെയിൻ. കാന്തിക ആകർഷണ–വികർഷണ ശക്തിയിലാണ് പ്രവർത്തനം. അതുകൊണ്ടു തന്നെ പാളത്തിനുമുകളിലൂടെ തെന്നിപ്പോകുന്നതു പോലെയാണ് യാത്ര. ഘർഷണം വളരെ കുറവായതിനാൽ വേഗത വളരെ കൂടുതലായിരിക്കും. ലോകത്ത് നിലവിലുള്ള ഇത്തരം ട്രെയിനുകളുടെ വേഗത്തിൽ പുതിയ റെക്കോർഡാണ് ചൈനയുടേത്. അകലെയുള്ള നഗരങ്ങൾക്കിടയിലെ യാത്രാസമയം മിനുറ്റുകളിലേക്ക് എത്തിക്കാൻ മാഗ്ലേവ് ട്രെയിൻ യാത്ര വഴി കഴിയും. വൈദ്യുതകാന്തിക സംവിധാനം ഉപയോഗിക്കുന്നതിനാൽ ഇന്ധന ഉപഭോഗം കുറവായിരിക്കും. അതേസമയം, ഇതിന്റെ നിർമാണച്ചെലവ് പക്ഷേ വളരെ കൂടുതലായിരിക്കും.
