ടൊറന്റോ : തെക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ ഉണ്ടായ ശക്തമായ മഞ്ഞുമഴയെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ. റോഡുകളും മരങ്ങളും പൂർണ്ണമായും ഐസ് പാളികൾക്കടിയിലായതോടെ മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴയെത്തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തകർന്നു. അപകടസാധ്യത കണക്കിലെടുത്ത് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡരികിലെ കിടങ്ങുകളിൽ വാഹനങ്ങൾ കുടുങ്ങിയതും ഹൈവേകളിൽ ഉണ്ടായ അപകടങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തകർന്ന മരച്ചില്ലകൾ നീക്കം ചെയ്യാനും വൈദ്യുതി പുനഃസ്ഥാപിക്കാനും ആഴ്ചകളോളം സമയമെടുത്തേക്കുമെന്ന് അധികൃതർ അറിയിച്ചു. താപനില വരുംദിവസങ്ങളിലും പൂജ്യം ഡിഗ്രിക്ക് താഴെ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
