ഹാലിഫാക്സ് : യുക്രെയ്‌ൻ ജനവാസ മേഖലകളിൽ റഷ്യ തുടരുന്ന മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഹാലിഫാക്സിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചയ്ക്കിടെ, യുക്രെയ്‌നിന്റെ പുനർനിർമ്മാണത്തിനായി 250 കോടി ഡോളറിന്റെ അധിക സാമ്പത്തിക സഹായം കാർണി വാഗ്ദാനം ചെയ്തു. റഷ്യയുടെ ആക്രമണങ്ങൾ ക്രൂരതയാണെന്നും ഈ സാഹചര്യത്തിൽ യുക്രെയ്‌നിന് നൽകുന്ന പിന്തുണ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായായിരുന്നു ഈ നിർണ്ണായക കൂടിക്കാഴ്ച.

തങ്ങളുടെ സമാധാന ശ്രമങ്ങൾക്കുള്ള റഷ്യയുടെ മറുപടിയാണ് ഈ പുതിയ ആക്രമണങ്ങളെന്ന് സെലൻസ്‌കി പ്രതികരിച്ചു. കാനഡ നൽകുന്ന ഉറച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. യുഎസ് പിന്തുണയോടെയുള്ള സമാധാന കരാർ അന്തിമഘട്ടത്തിലാണെന്നും എന്നാൽ സുരക്ഷാ ഉറപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും കൂടുതൽ വ്യക്തത വരാനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അധിനിവേശം തുടങ്ങിയ കാലം മുതൽ സൈനികവും മാനുഷികവുമായ വലിയ സഹായങ്ങളാണ് കാനഡ യുക്രെയ്‌നിന് നൽകിവരുന്നത്.
