വിനിപെഗ് : പ്രവിശ്യയുടെ സൗജന്യ ഗർഭനിരോധന പദ്ധതി വഴി ആദ്യ വർഷം ഏകദേശം 53,000 ആളുകൾക്ക് സേവനം ലഭിച്ചതായി മാനിറ്റോബ സർക്കാർ അറിയിച്ചു. 2024 ഒക്ടോബറിൽ ആരംഭിച്ച പദ്ധതിയിലൂടെ ഗുളികകൾ, ഹോർമോൺ ഇംപ്ലാന്റുകൾ ഉൾപ്പെടെയുള്ള അറുപതോളം വ്യത്യസ്ത മാർഗ്ഗങ്ങൾ അർഹരായ താമസക്കാർക്ക് സൗജന്യമായി ലഭ്യമാണ്. മാനിറ്റോബ ഹെൽത്ത് കാർഡും ഡോക്ടറുടെ കുറിപ്പടിയുമുള്ള ആർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. മരുന്നുകളുടെ അമിത ചിലവ് കാരണം മുൻപ് ബുദ്ധിമുട്ടിയിരുന്ന പലർക്കും ഈ തീരുമാനം വലിയ ആശ്വാസമായെന്ന് ആരോഗ്യ മന്ത്രി ഉസോമ അസാഗ്വര പറഞ്ഞു.

അതേസമയം, നിലവിൽ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നതിനാൽ, ഫാമിലി ഡോക്ടർമാരുടെ കുറവ് നേരിടുന്ന പലർക്കും ഇത് വെല്ലുവിളിയാകുന്നുണ്ട്. ഈ തടസ്സം നീക്കുന്നതിനായി ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുള്ള അധികാരം ഫാർമസിസ്റ്റുകൾക്ക് കൂടി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഒന്റാരിയോയും മാനിറ്റോബയും ഒഴികെയുള്ള കാനഡയിലെ മിക്ക പ്രവിശ്യകളിലും ഫാർമസിസ്റ്റുകൾക്ക് നിലവിൽ ഈ അധികാരമുണ്ട്. ഈ മാറ്റം 2026-ഓടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
