ടെഹ്റാൻ: യു.എസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി ഇറാൻ പൂർണമായുമുള്ള യുദ്ധത്തിലാണെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് പെസെഷ്‍കിയാൻ ഇക്കാര്യത്തിൽ രാജ്യത്തിൻ്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് സന്ദർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പിലാണ് മസൂദ് ഇക്കാര്യത്തിലുള്ള നയം സൂചിപ്പിച്ചത്. ഇറാൻ സ്ഥിരതയോടെ തുടരാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും 1980കളിൽ ഇറാഖുമായി ഇറാൻ നടത്തിയ മാരകമായ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധ’മെന്നും മസൂദ് പറഞ്ഞു.

ഇറാഖുമായി നടന്ന യുദ്ധത്തിൽ ഇരുവശത്തുമായി പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടതിനെ അപേക്ഷിച്ച് ഇറാനെതിരായ പടിഞ്ഞാറിന്റെ യുദ്ധമാണ് കൂടുതൽ സങ്കീർണ്ണവും ദുഷ്‌കരവുമാണെന്നും പെസെഷ്കിയൻ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂണിൽ വ്യോമാക്രമണത്തിനിടെ ഇറാനിൽ ഇസ്രായേലും യു.എസും നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ 1,100റോളം ഇറാനികൾ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പ്രതികാര മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 28 പേരും കൊല്ലപ്പെട്ടു. ഇറാന്റെ സായുധ സേന ഇപ്പോൾ ശക്തവും സുസജ്ജവുമാണെന്നാണ് പെസഷ്കിയാൻ്റെ നിലപാട്.
