ഓട്ടവ: ക്രിസ്മസ് അവധിക്കാലത്തിന് പിന്നാലെ കാനഡയിലുടനീളം കാലാവസ്ഥ അതീവ ഗുരുതരമാകുന്നു. ഒന്റാരിയോ, കെബെക് പ്രവിശ്യകളിൽ കനത്ത മഞ്ഞുമഴയും പ്രയറി പ്രവിശ്യകളില്‍ അതിശൈത്യവും തുടരുന്നതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒൻ്റാരിയോ ഗ്രേറ്റ് ലേക്ക് മേഖലയിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ഒന്റാരിയോയിൽ കനത്ത മഞ്ഞുമഴയ്ക്ക് കാരണമാകും. ടൊറന്റോയ്ക്ക് വടക്കുള്ള ന്യൂമാർക്കറ്റ്, ഓറോറ തുടങ്ങിയ ഇടങ്ങളിൽ 10 മില്ലിമീറ്റർ വരെ ഐസ് പാളികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതി തടസ്സത്തിനും റോഡ് അപകടങ്ങൾക്കും വഴിവെച്ചേക്കാം. കെബെക്ക്, മണ്‍ട്രിയോള്‍
അടക്കമുള്ള മേഖലകളിൽ ഞായറാഴ്ച രാത്രി മുതൽ മഞ്ഞുമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. വടക്കൻ കാനഡയിലും യൂക്കോണിലും താപനില അതിവേഗം താഴുകയാണ്.

ചിലയിടങ്ങളിൽ കാറ്റിന്റെ ആഘാതം കൂടി ചേരുമ്പോൾ അനുഭവപ്പെടുന്ന തണുപ്പ് -50 മുതൽ -55 ഡിഗ്രി വരെയാകാം. ഇത് ചർമ്മം പെട്ടെന്ന് തണുത്തുറയുന്ന ‘ഫ്രോസ്റ്റ്‌ബൈറ്റ്’ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലുള്ള കാറ്റും തുടരുകയാണ്. 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വിമാന സർവീസുകൾ റദ്ദാക്കാനോ വൈകാനോ സാധ്യതയുണ്ട്. ഐസ് മൂടിയ റോഡുകളിലൂടെയുള്ള ഡ്രൈവിംഗ് അപകടകരമാണെന്നും വീടുകളിൽ ആവശ്യത്തിന് മുൻകരുതലുകൾ (അടിയന്തര ലൈറ്റുകൾ, ഭക്ഷണം തുടങ്ങിയവ) കരുതണമെന്നും ദുരന്തനിവാരണ സേന അറിയിച്ചു.
