ഓട്ടവ : കാനഡയിലെ നാഷണൽ പാർക്കുകളിലേക്ക് പ്രവേശനം സൗജന്യമാക്കുന്ന ‘കാനഡ സ്ട്രോങ്ങ് പാസ്’ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമാകുന്നതായി റിപ്പോർട്ട്. ശൈത്യകാലത്ത് സാധാരണയായി തിരക്ക് കുറവാണെങ്കിലും, സ്ട്രോങ്ങ് പാസ് വന്നതോടെ പാർക്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി വാട്ടർട്ടൺ പാർക്ക് ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ അറിയിച്ചു. നാഷണൽ പാർക്കുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിന് പുറമെ താമസസൗകര്യങ്ങൾക്കും വിയ റെയിൽ (VIA Rail) യാത്രകൾക്കും ഈ പാസ് വഴി ഇളവുകൾ ലഭിക്കും.

നിലവിൽ 2026 ജനുവരി 15 വരെയാണ് പാസ് ഉപയോഗിക്കാൻ സാധിക്കുക. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്ത് മേഖലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും ശൈത്യകാലത്തും തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2024-ൽ മാത്രം അഞ്ച് ലക്ഷത്തിലധികം സന്ദർശകരാണ് വാട്ടർട്ടൺ പാർക്കിലെത്തിയത്. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതി 2026 വേനൽക്കാലത്തും തുടരാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്.
