ഹാലിഫാക്സ് : ആഗോള വിഡിയോ ഗെയിം ഭീമനായ യൂബിസോഫ്റ്റിന്റെ (Ubisoft) വടക്കേ അമേരിക്കയിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ രൂപീകരിച്ച് ഹാലിഫാക്സ് ബ്രാഞ്ചിലെ ജീവനക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുകയറ്റവും വ്യവസായ മേഖലയിലെ അപ്രതീക്ഷിത പിരിച്ചുവിടലുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ തീരുമാനമെടുത്തത്. സിഡബ്ല്യുഎ (CWA) കാനഡയുമായി സഹകരിച്ച് രൂപീകരിച്ച യൂണിയനിൽ സ്റ്റുഡിയോയിലെ 74 ശതമാനം ജീവനക്കാരും അംഗങ്ങളാണ്.

ഗെയിം നിർമ്മാണ രംഗത്തെ കലാപരമായ മൂല്യം സംരക്ഷിക്കാനും തൊഴിൽ സാഹചര്യങ്ങളിൽ ജീവനക്കാർക്ക് വ്യക്തമായ ശബ്ദം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ടെക് മേഖലയിൽ യൂണിയനുകൾ കുറവായ വടക്കേ അമേരിക്കയിൽ, യൂബിസോഫ്റ്റ് ജീവനക്കാരുടെ ഈ തീരുമാനം മറ്റ് പ്രമുഖ ഗെയിമിങ് സ്റ്റുഡിയോകളിലെ തൊഴിലാളികൾക്കും വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നോവസ്കോഷ ലേബർ ബോർഡിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന യൂണിയനുമായി പൂർണ്ണമായി സഹകരിക്കുമെന്ന് യൂബിസോഫ്റ്റ് മാനേജ്‌മെന്റും അറിയിച്ചിട്ടുണ്ട്.
