ഷാർലെറ്റ്‌ടൗൺ : നഗരത്തിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഏഴ് മണിയോടെ ഗ്രീൻ സ്ട്രീറ്റിലുള്ള രണ്ട് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തീ പടർന്നതോടെ പല താമസക്കാരും ജനലുകൾ വഴി ചാടി രക്ഷപ്പെടുകയായിരുന്നു.

ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് റെഡ് ക്രോസിന്റെ നേതൃത്വത്തിൽ താമസം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം തുടരുന്നു.
