ഹാലിഫാക്സ് : ഹാലിഫാക്സ് ഉൾപ്പെടെയുള്ള മിക്ക മേഖലകളിലും അതിശക്തമായ മഴയ്ക്കും മഞ്ഞുമഴയ്ക്കും സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ. നോവസ്കോഷയിലെ കടുത്ത തണുപ്പിന് നേരിയ ആശ്വാസമുണ്ടാകുമെങ്കിലും തിങ്കളാഴ്ചത്തെ പ്രതികൂല കാലാവസ്ഥ യാത്രാതടസ്സങ്ങൾക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുന്നതിന് മുൻപായി പലയിടങ്ങളിലും നാല് മുതൽ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന മഞ്ഞുമഴ പ്രതീക്ഷിക്കാമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

ഉച്ചതിരിഞ്ഞ് ഹാലിഫാക്സിൽ ആരംഭിക്കുന്ന മഞ്ഞുമഴ വൈകുന്നേരത്തോടെ സാധാരണ മഴയായി മാറുമെങ്കിലും ഉൾനാടൻ പ്രദേശങ്ങളിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കും. റോഡുകളിലും നടപ്പാതകളിലും ഐസ് രൂപപ്പെടുന്നതും വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്. ഇതിന് പിന്നാലെ യാർട്ട്മൗത്ത് മുതൽ ഗയ്സ്ബറോ വരെയുള്ള പ്രദേശങ്ങളിൽ 25 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും, ഇത് മരങ്ങളിലും വൈദ്യുതി ലൈനുകളിലും ഐസ് അടിഞ്ഞുകൂടാൻ ഇടയാക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
