മൺട്രിയോൾ : ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഫ്രഞ്ച് ഭാഷാ ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ലക്ഷ്യമിട്ടുള്ള ‘ബിൽ 109’ പാസാക്കി കെബെക്ക് സർക്കാർ. നിയമപ്രകാരം, നെറ്റ്ഫ്ലിക്സ് (Netflix), സ്പോട്ടിഫൈ (Spotify) തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിശ്ചിത ശതമാനം ഫ്രഞ്ച് ഉള്ളടക്കം നിർബന്ധമാക്കാനും അത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ പ്രദർശിപ്പിക്കാനും സർക്കാരിന് അധികാരം ലഭിക്കും. പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികൾക്ക് ഡിജിറ്റൽ ലോകത്ത് അർഹമായ ദൃശ്യപരത ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. 2023-ൽ ഏറ്റവുമധികം ആളുകൾ കേട്ട 10,000 പാട്ടുകളിൽ വെറും 5 ശതമാനം മാത്രമാണ് കെബെക്കിലെ ഫ്രഞ്ച് കലാകാരന്മാരുടേത് എന്ന കണ്ടെത്തലാണ് ഇത്തരമൊരു നിയമ നിർമാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

ഇതിന്റെ മേൽനോട്ടത്തിനായി സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ ഒരു പ്രത്യേക ബ്യൂറോയും രൂപീകരിക്കും. നിലവിൽ ഭൂരിഭാഗം ആളുകളും ഇംഗ്ലീഷ് ഉള്ളടക്കങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിലും, പുതിയ നിയമം വരുന്നതോടെ കെബെക്കിലെ തനത് കലാസൃഷ്ടികൾക്കും ഫ്രഞ്ച് ഭാഷയ്ക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ പ്രചാരം ലഭിക്കുമെന്നാണ് കലാകാരന്മാരുടെ പ്രതീക്ഷ.
