വാഷിങ്ടൺ : ശൈത്യക്കൊടുങ്കാറ്റിൽ വിറങ്ങലിച്ച് അമേരിക്കയുടെ കിഴക്കന്‍ മേഖല. അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുടര്‍ച്ചയായി വീശിയ അതിശക്തമായ ചുഴലിക്കാറ്റിൽ ഇല്ലിനോയിലെ മക്കോണ്‍ കൗണ്ടിയില്‍ എട്ടുവീടുകളും ഒരു ഗ്യാരേജും പൂര്‍ണമായും തകര്‍ന്നു. രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 6,000 വിമാനങ്ങള്‍ വൈകി. അഞ്ഞൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. മിനിയാപൊളിസ്-സെൻ്റ് പോള്‍ രാജ്യാന്തര വിമാനത്താവളം, ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലം താറുമാറായി. കൊളറാഡോ, വിസ്‌കോണ്‍സെൻ, മിനസോട എന്നിവയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ മഞ്ഞുവീഴ്ചയുണ്ടായി. അയോവ മുതല്‍ ഒഹായോ താഴ്വര വരെ മഴ പെയ്തു. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മിന്നലും ഉണ്ടായി. മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ ഡാലസ്, ന്യൂ ഓർലിൻസ്, ലിറ്റില്‍ റോക്ക്, അർകെൻസ, കന്‍സാസ് സിറ്റി, മിസോറി, സെൻ്റ് ലൂയിസ്, ഷിക്കാഗോ, ഫിലഡൽഫിയ എന്നീ മേഖലകളില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
