നോവസ്കോഷ: ലോകം ഒരു ആണവ യുദ്ധത്തെയോ വൻ ദുരന്തത്തെയോ നേരിടേണ്ടി വരികയാണെങ്കിൽ വൻസമ്പന്നർക്ക് താമസിക്കാനായി നോവസ്‌കോഷയിൽ ഒരുങ്ങുന്നത് അതിനൂതനമായ ആഡംബര സങ്കേതം. ശീതയുദ്ധകാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി നിർമ്മിച്ച കൂറ്റൻ ആണവ ബങ്കറാണ് ഇപ്പോൾ അതിസമ്പന്നർക്കായുള്ള ലക്ഷ്വറി കോണ്ടോകളായി മാറുന്നത്. ആറു മുതൽ ഒൻപത് മാസം വരെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാൻ ആവശ്യമായ ഊർജ്ജം, വെള്ളം, പോഷകാഹാരം എന്നിവ ഇവിടെ ലഭ്യമാക്കും. നോവസ്കോഷയിലെ ഡെബർട്ടിലാണ് ‘ദി ഡീഫെൻബേക്കർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒരുങ്ങുന്നത്. 1964-ൽ നിർമ്മിച്ച ഈ ബങ്കറിന്റെ ഭിത്തികൾക്ക് ഒരു മീറ്ററിലധികം കനമുണ്ട്. രണ്ട് കിലോമീറ്റർ അകലെ നടക്കുന്ന അഞ്ച് മെഗാടൺ ആണവ സ്ഫോടനത്തെ പോലും അതിജീവിക്കാൻ ഈ കോൺക്രീറ്റ് ബങ്കറുകൾക്ക് സാധിക്കും. വെറുമൊരു അഭയസ്ഥാനം എന്നതിലുപരി, ഇവിടെ സ്‌പാ, ഫിറ്റ്‌നസ് സെന്റർ, കോഫി ഷോപ്പ്, സിഗാർ ലോഞ്ച് എന്നിവയടക്കം ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങൾ ഉണ്ടാകും. ബയോമെട്രിക് പ്രവേശന കവാടങ്ങൾ, തെർമൽ റഡാർ നിരീക്ഷണ സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

ഹാലിഫാക്‌സ് ആസ്ഥാനമായുള്ള സംരംഭകൻ പോൾ മാൻസ്‌ഫീൽഡും ബ്ലോക്ക്ചെയിൻ വിദഗ്‌ദ്ധൻ ജോനാഥൻ ബഹായും ചേർന്നാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഏകദേശം 66 കോടിയാണ് പദ്ധതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. ആകെ 50 കോണ്ടോകളാണ് ഇവിടെയുള്ളത്. ഇതിന്റെ വില പരസ്യമാക്കിയിട്ടില്ലെങ്കിലും, വമ്പൻ ബിസിനസ്സ് പ്രമുഖരും ആഗോളയുദ്ധങ്ങളിൽ നിന്നും സംരക്ഷണം ആഗ്രഹിക്കുന്നവരുമാണ് ഇതിൻ്റെ പ്രധാന ഉപഭോക്താക്കൾ. കാനഡയിലെ മുൻ പ്രധാനമന്ത്രി ജോൺ ഡീഫെൻബേക്കറുടെ നിർദ്ദേശപ്രകാരം രാജ്യത്തുടനീളം നിർമ്മിച്ച ആറ് ബങ്കറുകളിൽ ഒന്നാണിത്. അതുകൊണ്ടാണ് ഇവ ‘ഡീഫെൻബങ്കറുകൾ’ എന്ന് അറിയപ്പെടുന്നത്. ശീതയുദ്ധകാലത്ത് ആണവ ഭീഷണി നിലനിന്നപ്പോൾ 350 ഓളം സർക്കാർ-സൈനിക നേതാക്കളെ 90 ദിവസത്തേക്ക് സംരക്ഷിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തത്. ലോകമെമ്പാടും സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള ‘അഭയസ്ഥാനങ്ങൾ’ വാങ്ങാൻ അതിസമ്പന്നർ മത്സരിക്കുകയാണെന്ന് പോൾ മാൻസ്‌ഫീൽഡ് പറയുന്നു.
