ഷാർലെറ്റ്ടൗൺ : ഒളിംപിക്സ് സ്വപ്നങ്ങളിലേക്ക് ഒരുപടി കൂടി അടുത്ത് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്നുള്ള രണ്ട് കായിക താരങ്ങൾ. കനേഡിയൻ ഒളിംപിക് കമ്മിറ്റിയുടെ പ്രതിഭകളെ കണ്ടെത്താനുള്ള ‘ആർബിസി ട്രെയിനിങ് ഗ്രൗണ്ട്’ പദ്ധതിയിലൂടെ കാർമെൻ സീമാൻ, ജെന്ന ലാർട്ടർ എന്നിവരാണ് പ്രത്യേക ഫണ്ടിങ്ങിനും പരിശീലനത്തിനുമായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തുടനീളമുള്ള രണ്ടായിരത്തി അഞ്ഞൂറിലധികം അത്‌ലറ്റുകളിൽ നിന്ന് കഠിനമായ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുത്ത 35 പേരുടെ പട്ടികയിലാണ് ഇവർ ഇടംപിടിച്ചത്.

മുൻ ട്രാക്ക് അത്‌ലറ്റായ കാർമെൻ സീമാൻ ‘ബോബ്സ്‌ലേ’ എന്ന കായിക ഇനത്തിലേക്കാണ് ചുവടുമാറ്റുന്നത്. മുൻ ഒളിംപിക് സ്വർണ്ണ മെഡൽ ജേതാക്കളുടെ കീഴിൽ പരിശീലനം നടത്തുന്ന കാർമെൻ 2030-ലെ വിന്റർ ഒളിംപിക്സാണ് ലക്ഷ്യമിടുന്നത്. അതേസമയം, പ്രശസ്ത സ്പീഡ് സ്കേറ്റിങ് താരം ജെന്ന ലാർട്ടർ ജനുവരിയിൽ നടക്കാനിരിക്കുന്ന ഒളിംപിക് ട്രയൽസിനായുള്ള തയ്യാറെടുപ്പിലാണ്. ഗുരുതരമായ പരുക്കിനെ അതിജീവിച്ച് കായികരംഗത്തേക്ക് തിരിച്ചെത്തിയ തനിക്ക് ഈ സാമ്പത്തിക സഹായം, തന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണെന്ന് ജെന്ന പറഞ്ഞു.
