വൻകൂവർ: കാനഡയിലെ വൻകൂവറിലുള്ള ഫിലിപ്പിനോ വംശജരുടെ ദീർഘകാല സ്വപ്നമായ സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യ ആർക്കിടെക്ചറൽ പ്ലാൻ പുറത്തിറക്കി. മൗണ്ട് പ്ലസന്റ് മേഖലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മാതൃകകളാണ് കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക ചടങ്ങിൽ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. വൻകൂവറിലെ 1940 മെയിൻ സ്ട്രീറ്റിലാണ് (1940 Main Street) ഈ ഹൈ-റൈസ് ടവർ നിർമ്മിക്കുന്നത്. നിലവിൽ ഒരു ഓട്ടോ ഷോപ്പ് പ്രവർത്തിക്കുന്ന ഇടമാണിത്. ഈ വലിയ കെട്ടിടത്തിൽ ഫിലിപ്പിനോ സാംസ്കാരിക കേന്ദ്രത്തിന് പുറമെ 500 മുറികളുള്ള ഹോട്ടലും ഉണ്ടാകും. ഫിലിപ്പീൻസിന് പുറത്തുള്ള ഏറ്റവും വലിയ ഫിലിപ്പിനോ ആർട്ട് കളക്ഷൻ ഇവിടെ പ്രദർശിപ്പിക്കും. കൂടാതെ ഭാഷാ പഠന ക്ലാസുകൾ, പാചക ക്ലാസുകൾ, ആർട്ട് ഗാലറികൾ, ഇവന്റ് സ്പേസ് എന്നിവയും ഇവിടെ സജ്ജീകരിക്കും.

ഫിലിപ്പിനോ ജനത ഇനി ‘അദൃശ്യരായി’ തുടരില്ലെന്നും അവരുടെ പൈതൃകവും കലയും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാനുള്ള വേദിയാണിതെന്നും ഫിലിപ്പിനോ ലെഗസി സൊസൈറ്റി ചെയർമാൻ വാരൻ ഡീൻ ഫ്ലാൻഡസ് പറഞ്ഞു. പദ്ധതിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോൾ തന്നെ, മറ്റ് ചില ഫിലിപ്പിനോ സംഘടനകൾ ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ കമ്മ്യൂണിറ്റി കൂടിയാലോചനകൾ നടത്താതെയാണ് ഒരു സ്വകാര്യ ഡെവലപ്പറുമായി ചേർന്ന് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം. എന്നാൽ, ഇതൊരു കൃത്യമായ പ്രൊപ്പോസൽ ആണെന്നും വരും വർഷത്തിൽ ഇതിൽ കൂടുതൽ പരിശോധനകൾനടക്കുമെന്നും വൻകൂവർ സിറ്റി കൗൺസിലർ സാറ കിർബി-യംഗ് വ്യക്തമാക്കി. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സ്വന്തമായൊരു സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമാകുന്നതിന്റെ ആവേശത്തിലാണ് വൻകൂവറിലെ ഫിലിപ്പിനോ സമൂഹം.
