സെന്റ് ജോൺസ് : ശക്തമായ ശീതക്കാറ്റും മഴയും തുടരുന്ന ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ മഞ്ഞുമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്രിസ്മസ് ദിനം മുതൽ 50 മുതൽ 100 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായ പ്രവിശ്യയുടെ പല ഭാഗങ്ങളും മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്. അവലോൺ പെനിൻസുലയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ന്യൂഫിൻലൻഡ് പവർ അറിയിച്ചു.

മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷ, പിഇഐ, തെക്കൻ ന്യൂബ്രൺസ്വിക്ക് എന്നിവിടങ്ങളിലും മഞ്ഞുമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ താപനില അല്പം ഉയരുന്നതിനാൽ ന്യൂഫിൻലൻഡിലെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടാകുമെന്നും പകരം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വടക്കൻ ന്യൂബ്രൺസ്വിക്കിലും ലാബ്രഡോറിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ട്.
