ഓട്ടവ : മുറിവേൽക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ STIHL ലിമിറ്റഡിന്റെ ഏകദേശം 3,000 യൂണിറ്റ് ബാക്ക്പാക്ക് ബ്ലോവറുകൾ തിരിച്ചുവിളിച്ചു. ബ്ലോവർ പ്രവർത്തിക്കുമ്പോൾ ഫാൻ വീൽ മോൾഡിങിലെ തകരാർ മൂലം ഫാൻ വീൽ പൊട്ടാൻ സാധ്യതയുണ്ടെന്നും ഇതിലൂടെ പരുക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നതായും ഹെൽത്ത് കാനഡ പറയുന്നു.

2025 ജൂണിനും 2025 നവംബറിനും ഇടയിൽ കാനഡയിൽ ബാക്ക്പാക്ക് ബ്ലോവറുകളുടെ 2,750 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. തിരിച്ചുവിളിക്കൽ ബാധിച്ച STIHL BR 800 ബാക്ക്പാക്ക് ബ്ലോവർ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും ഹെൽത്ത് കാനഡ പറയുന്നു. ഫാൻ വീൽ മാറ്റിവെക്കുന്നതിനായി ബാക്ക്പാക്ക് ബ്ലോവറുകൾ STIHL ഡീലർക്ക് തിരികെ നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഡിസംബർ 17 വരെ STIHL ലിമിറ്റഡ് ബാക്ക്പാക്ക് ബ്ലോവറുകളുമായി ബന്ധപ്പെട്ട് പരുക്കേറ്റതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക്, ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴിനും വൈകുന്നേരം 6:40 നും ഇടയിൽ ET 519-267-8445 എന്ന നമ്പറിൽ STIHL ലിമിറ്റഡ് (കാനഡ) ആയി ബന്ധപ്പെടാം.
