ടൊറൻ്റോ : പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും, മഴയും, ശക്തമായ കാറ്റും തുടരുന്നതിനാൽ പതിനായിരക്കണക്കിന് ഒൻ്റാരിയോ നിവാസികൾ വൈദ്യുത തടസ്സം നേരിടുന്നതായി ഹൈഡ്രോ വൺ അറിയിച്ചു. മരക്കൊമ്പുകളിൽ ഐസ് അടിഞ്ഞുകൂടിയതിനാൽ ലൈനുകൾ തകർന്ന് ഒൻ്റാരിയോയിലുടനീളം ഏകദേശം 61,000 ഉപയോക്താക്കൾ ഇരുട്ടിലായി. ഞായറാഴ്ച ശൈത്യകാല കൊടുങ്കാറ്റ് ആരംഭിച്ചതിനുശേഷം, ഒരു ലക്ഷത്തോളം ഉപയോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ഹൈഡ്രോ വൺ പറയുന്നു. എന്നാൽ, ശക്തമായ മഞ്ഞുവീഴ്ച കാരണം യാത്ര ദുഷ്കരമായതോടെ ജീവനക്കാർക്ക് പല സ്ഥലങ്ങളിലും എത്തിപ്പെടാൻ സാധിക്കുന്നില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗ്രേറ്റർ ടൊറൻ്റോയിലും തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ശൈത്യകാല കൊടുങ്കാറ്റ് മേഖലയെ ബാധിച്ചതിനാൽ ടിമ്മിൻസ് പ്രദേശത്തും വടക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിലുമുള്ള നിരവധി ഹൈവേകൾ തിങ്കളാഴ്ച രാവിലെ അടച്ചു.
