ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെ പത്നിയായ ഖാലിദ സിയ മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് (1991-1996, 1996, 2001-2006). ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു അവര്‍.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കരള്‍ രോഗം എന്നിവയെത്തുടര്‍ന്ന് ദീര്‍ഘകാലമായി അവര്‍ ചികിത്സയിലായിരുന്നു. 2018-ല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് തടവിലായിരുന്ന അവര്‍ പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് വീട്ടുതടങ്കലിലായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനെത്തുടര്‍ന്നാണ് ഖാലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ഇടക്കാല സര്‍ക്കാര്‍ ഉത്തരവിട്ടത്. ഖാലിദ സിയയുടെ നിര്യാണത്തില്‍ ബംഗ്ലാദേശില്‍ ഉടനീളം വലിയ ദുഃഖം രേഖപ്പെടുത്തി. BNP പ്രവര്‍ത്തകരും അനുയായികളും ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ‘അയണ്‍ ലേഡി’ എന്നറിയപ്പെട്ടിരുന്ന ഖാലിദ സിയയുടെ അന്ത്യം രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വലിയൊരു യുഗത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്.
