ഫ്ലോറിഡ: ഹമാസിനും ഇറാനുമെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹമാസ് ഉടന്‍ ആയുധം വെച്ചു കീഴടങ്ങണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ഉടനടി നടപടി വേണമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നത് തുടരുകയാണെങ്കില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ‘ഇറാന് മിസൈലുകള്‍ നിര്‍മ്മിച്ചാല്‍ ഞങ്ങള്‍ അവ തകര്‍ക്കും’ എന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികള്‍ക്കെതിരെ കര്‍ശനമായ ഉപരോധങ്ങളും നടപടികളും ഉണ്ടാകുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഇസ്രായേലിന്റെ സുരക്ഷയെക്കുറിച്ചും ഇരു നേതാക്കളും വിശദമായി സംസാരിച്ചു. ട്രംപ് അധികാരമേറ്റ ശേഷം നെതന്യാഹുവുമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചകളില്‍ ഒന്നായിരുന്നു ഇത്. യുക്രെയ്ന്-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലും സമാധാനം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് തന്റെ ഭരണകൂടമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
