ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന് പിന്നാലെ മൂടല്‍മഞ്ഞും ശൈത്യതരംഗവും ശക്തി പ്രാപിക്കുന്നു. താപനില 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച പരിധി പലയിടത്തും 50 മീറ്ററില്‍ താഴെയായത് ജനജീവിതത്തെ സാരമായി ബാധിച്ചു.
മൂടല്‍മഞ്ഞ് മൂലം കഴിഞ്ഞ ദിവസം 128 വിമാനങ്ങള്‍ റദ്ദാക്കുകയും 200-ഓളം സര്‍വീസുകള്‍ വൈകുകയും ചെയ്തു. റോഡ്, റെയില്‍ ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യമുന എക്സ്പ്രസ് വേയില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മലിനീകരണം ഇപ്പോഴും ‘അതീവ ഗുരുതരം’ (Severe) ആയി തുടരുകയാണ്. ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 388 രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍, ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ സൂചിക 450-ന് മുകളിലെത്തി. മലിനീകരണവും തണുപ്പും കണക്കിലെടുത്ത് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയാണ്. അത്യാവശ്യമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂടല്‍മഞ്ഞും തണുപ്പും അടുത്ത ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
