ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രകോപനപരമായ നടപടികൾ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും ശത്രുത വെടിഞ്ഞ് നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ഡിസംബർ 28, 29 തീയതികളിലായി പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ 91 ഡ്രോണുകൾ അയച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് ആരോപിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

എന്നാൽ റഷ്യയുടെ ഈ ആരോപണങ്ങളെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പൂർണ്ണമായും തള്ളി. യുക്രയ്നെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടാൻ റഷ്യ മെനയുന്ന കള്ളക്കഥയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവം മേഖലയിൽ വലിയ രീതിയിലുള്ള ഭീകരവാദമാണെന്ന് റഷ്യ ആരോപിക്കുമ്പോൾ, തങ്ങളുടെ സൈനിക നടപടികളെ ന്യായീകരിക്കാനുള്ള റഷ്യയുടെ തന്ത്രമാണിതെന്നാണ് യുക്രെയ്ന്റെ നിലപാട്.
