ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. ബാല്യകാലസുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രിയങ്കഗാന്ധിയുടെ ഉറ്റസുഹൃത്ത് നന്ദിതയുടെ മകളാണ് അവിവ. ഏഴ് വർഷക്കാലമായി റൈഹാനും അവിവയും പ്രണയത്തിലായിരുന്നു. 25-കാരനായ റൈഹാൻ കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹാഭ്യർത്ഥന നടത്തിയെന്നും വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക വിവാഹനിശ്‌ചയ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹവുമുണ്ടാകും.

ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെയും ബെയ്ഗ് ഇന്റീരിയർ ഡിസൈനറായ നന്ദിതയുടെയും മകളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നു. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവിവയും ഒരേ സ്കൂളിലാണ് പഠിച്ചത്. രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ. വൈൽഡ്ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നിവയിലെല്ലാം റൈഹാൻ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
