ഓട്ടവ : റെസ്യൂമെയും കവർ ലെറ്ററും തയ്യാറാക്കാൻ ചാറ്റ് ജിപിടി അമിതമായി ഉപയോഗിക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് കരിയർ വിദഗ്ധരുടെ മുന്നറിയിപ്പ്. എഐ ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തിൽ അപേക്ഷകൾ തയ്യാറാക്കാമെന്നതിനാൽ കമ്പനികളിലേക്ക് അപേക്ഷകരുടെ വലിയ പ്രവാഹമാണ് ഉണ്ടാകുന്നത്. ഇത് പലപ്പോഴും യോഗ്യരായവരുടെ അപേക്ഷകൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമാകും. കൂടാതെ, എഐ ഉപയോഗിച്ചാണ് അപേക്ഷ തയ്യാറാക്കിയതെന്ന് കണ്ടെത്തിയാൽ പല കമ്പനികളും അത്തരം ഉദ്യോഗാർത്ഥികളെ ഒഴിവാക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജോലിക്ക് അപേക്ഷിക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകാൻ സ്വന്തം നേട്ടങ്ങളും അനുഭവങ്ങളും കൃത്യമായ കണക്കുകൾ സഹിതം ഉൾപ്പെടുത്താൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. വെബ്സൈറ്റുകൾ വഴി മാത്രം അപേക്ഷിക്കാതെ ഹയറിങ് മാനേജർമാരെ നേരിട്ട് ബന്ധപ്പെടാനോ റഫറലുകൾ സംഘടിപ്പിക്കാനോ ശ്രമിക്കുന്നത് കൂടുതൽ ഗുണകരമാകും. ഓരോ ജോലിക്ക് അനുസരിച്ചും റെസ്യൂമെയിൽ മാറ്റങ്ങൾ വരുത്തുന്നത് മികച്ച ജോലി വേഗത്തിൽ ലഭിക്കാൻ സഹായിക്കുമെന്നും കരിയർ വിദഗ്ധയായ ആഞ്ചല ചാംപ് നിർദ്ദേശിക്കുന്നു.
