ഓട്ടവ : ഫസ്റ്റ് നേഷൻസിന് ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പുതിയ ബില്ല് ഈ വരുന്ന വസന്തകാലത്ത് അവതരിപ്പിക്കുമെന്ന് കനേഡിയൻ സർക്കാർ. മുൻപുണ്ടായിരുന്ന ശുദ്ധജല ബില്ലിനെ ആൽബർട്ട, ഒന്റാരിയോ എന്നീ പ്രവിശ്യകൾ എതിർത്തതിനെത്തുടർന്ന്, ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും പുതിയ നിയമം കൊണ്ടുവരികയെന്ന് ഇൻഡിജിനസ് സർവീസസ് മന്ത്രി മാണ്ടി ഗുൾ-മാസ്റ്റി വ്യക്തമാക്കി. ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുടെ മൗലികാവകാശമായ ശുദ്ധജലം ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും, പദ്ധതികളുടെ വേഗതയെ ബാധിക്കുമെന്ന പ്രവിശ്യകളുടെ ആശങ്ക പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ഒരു വർഷമായി ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുടെ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് വിവിധ നേതാക്കൾ കുറ്റപ്പെടുത്തി. ശുദ്ധജല വിതരണം, ശിശുക്ഷേമ സംവിധാനങ്ങളുടെ പരിഷ്കരണം, വടക്കൻ മേഖലയിലെ ക്ഷയരോഗ നിർമ്മാർജ്ജനം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് പ്രധാന ആക്ഷേപം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങൾക്കായി ബജറ്റിൽ മതിയായ തുക മാറ്റിവെക്കുന്നില്ലെന്നും, ജസ്റ്റിൻ ട്രൂഡോയുടെ കാലത്തേക്കാൾ പ്രവർത്തനങ്ങൾ പിന്നോട്ട് പോയെന്നും ഇൻയൂട്ട് നേതാക്കൾ ആരോപിച്ചു.
