ഫ്രെഡറിക്ടൺ : ട്രാൻസിറ്റ് ബസ് മഞ്ഞുമൂടിയ റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴു പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഹിൽട്ടൺ റോഡിലാണ് സംഭവം. ബസ് റോഡിൽ നിന്ന് തെന്നിമാറി ഒരു കുഴിയിലേക്ക് മറിഞ്ഞതായി പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് പരുക്കേറ്റതായും എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫ്രെഡറിക്ടൺ പൊലീസ് റിപ്പോർട്ട് ചെയ്തു. ഫ്രെഡറിക്ടൺ പൊലീസ് സർവീസ്, സിറ്റി ഫയർ ഡിപ്പാർട്ട്‌മെൻ്റ്, ആംബുലൻസ് ന്യൂബ്രൺസ്വിക് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസ് ഒരു വൈദ്യുതി തൂൺ തകർക്കുകയും ചെയ്തിരുന്നു. എൻബി പവർ സംഭവസ്ഥലത്ത് എത്തി വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ടോ ട്രക്കുകൾ ഉപയോഗിച്ച് ബസ് കുഴിയിൽ നിന്നും പുറത്തെടുത്തത്.

മഞ്ഞുവീഴ്ചയും മഞ്ഞുമഴയും കാരണം തിങ്കളാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവും നഗരത്തിൽ 10 വാഹനാപകടങ്ങൾ ഉണ്ടായതായി ഫ്രെഡറിക്ടൺ പൊലീസ് അറിയിച്ചു. വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറിയും നിയന്ത്രണം വിട്ട് മഞ്ഞുമൂടിയ പാർക്കിങ് ഏരിയയിലേക്ക് ഇടിച്ചു കയറിയുമാണ് അപകടങ്ങൾ ഉണ്ടായത്. കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പൊലീസ് അഭ്യർത്ഥിച്ചു.
