ഓട്ടവ : കനേഡിയൻ നാവികസേനയെ തീവ്രവാദ സംഘടനയായി ഇറാൻ പ്രഖ്യാപിച്ചു. ഇറാനിയൻ സൈനിക വിഭാഗത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കാനഡയുടെ തീരുമാനത്തിന് മറുപടിയായാണ് ഇറാന്‍റെ ഈ നീക്കം. 2024-ൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യാന്തര നിയമത്തിന് വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം ഇറാൻ തങ്ങളുടെ പൗരന്മാരുടെ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നതായും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും കാനഡ ആരോപിക്കുന്നു.

ഐആർജിസിയെ തീവ്രവാദ സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് ശേഷം യുഎസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാൻ അനുവദിക്കുന്ന നിയമം ഇറാൻ പാസാക്കിയിരുന്നു. റോയൽ കനേഡിയൻ നാവികസേന ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതായി ഇറാൻ പറയുന്നു. അതിനാൽ കനേഡിയൻ നാവികസേനയെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഈ നീക്കത്തെക്കുറിച്ച് ഗ്ലോബൽ അഫയേഴ്‌സ് കാനഡ പ്രതികരിച്ചിട്ടില്ല.
