ഓട്ടവ : ലഹരിമരുന്ന് പ്രതിസന്ധി നേരിടുന്നതിനായി ഓട്ടവയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. പദ്ധതിയുടെ ഭാഗമായി പബ്ലിക് സേഫ്റ്റി കാനഡ അനുവദിച്ച 12 ലക്ഷം ഡോളറിൽ നിന്ന് അഞ്ച് ലക്ഷം ഡോളർ ഉപയോഗിച്ച് നഗരത്തിൽ ‘സേഫ് സ്പേസ് പൈലറ്റ് പ്രോജക്റ്റ്’ ആരംഭിക്കും. ലഹരിക്ക് അടിമപ്പെട്ടവരെ കല, കായികം, സംഗീതം തുടങ്ങിയ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടാനും അവർക്ക് ജീവിത നൈപുണ്യ പരിശീലനം നൽകാനും ഇതുവഴി ലക്ഷ്യമിടുന്നു.

മേയർ മാർക്ക് സട്ട്ക്ലിഫും പ്രധാനമന്ത്രി മാർക്ക് കാർണിയും പങ്കെടുത്ത ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ഓട്ടവ പാരാമെഡിക് സർവീസ്, ഷെപ്പേർഡ്‌സ് ഓഫ് ഗുഡ് ഹോപ്പ് തുടങ്ങി ആറോളം സാമൂഹിക സേവന സംഘടനകൾക്കായി ഈ തുക വിഭജിച്ചു നൽകാനാണ് തീരുമാനം. ലഹരിമരുന്ന് പ്രതിസന്ധി ഒറ്റയ്ക്ക് പരിഹരിക്കാനാവില്ലെന്നും വിവിധ സർക്കാർ തലങ്ങളുടെ ഏകോപനം അത്യാവശ്യമാണെന്നും കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ സർവീസസ് ജനറൽ മാനേജർ ക്ലാര ഫ്രെയർ വ്യക്തമാക്കി.

പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ഹെൽത്ത് കാനഡ വഴി കനേഡിയൻ സെന്റർ ഓൺ സബ്സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷന് (CCSA) 6.5 ലക്ഷം ഡോളർ കൈമാറും. അടുത്ത ഒരു വർഷത്തിനുള്ളിൽ നിലവിലെ സാഹചര്യങ്ങൾ പഠിച്ച് ലഹരി വിമുക്തിക്കായി പുതിയ കർമ്മപദ്ധതികൾ തയ്യാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഓട്ടവയിൽ നടപ്പിലാക്കുന്ന ഈ മാതൃകാ പദ്ധതി പിന്നീട് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നഗര സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ലഹരി വിപത്തിനെതിരെ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ഈ ബൃഹത്തായ കൂട്ടായ്മയിലൂടെ നഗരസഭയും ഫെഡറൽ സർക്കാറും ലക്ഷ്യമിടുന്നത്.
