ബത്തേരി (വയനാട്): ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇസ്രയേലിൽ കെയർ ഗിവർ (പ്രായമായവരെ പരിചരിക്കൽ) ജോലി ചെയ്യുമ്പോൾ അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി സ്വദേശി ജിനേഷ് പി. സുകുമാരന്റെ (38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ (34) ആണ് വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലിരിക്കെ മരിച്ചത്. മകൾ: ആരാധ്യ (തംബുരു). വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എൺപതു വയസ്സുള്ള വയോധികയേയും ദുരൂഹസാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ജൂലൈയിൽ മരിച്ച നിലയിൽ കണ്ടത്. ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലായിരുന്നു സംഭവം. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

ജിനേഷിനെയും വയോധികയെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ ഇതുവരെ അന്വേഷണത്തിൻ്റെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നില്ല. ഇക്കാര്യം തേടി ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നു. വയനാട്ടിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.
