വിനിപെഗ് : മാനിറ്റോബയിൽ കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി നിരക്കിൽ നാളെ (ജനുവരി 1) മുതൽ 4% വർധന വരുത്താൻ ഉത്തരവിട്ട് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ്. 3.5% വർധനയാണ് മാനിറ്റോബ ഹൈഡ്രോ ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അധികൃതർ പരമാവധി വർധന അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 112 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമൂലം ഈ സാമ്പത്തിക വർഷം ഏകദേശം 40.9 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വൈദ്യുതി നിരക്ക് വർധന ശരാശരി വീടുകൾക്ക് പ്രതിവർഷം 50 ഡോളർ മുതൽ 96 ഡോളർ വരെ അധിക ബാധ്യതയുണ്ടാക്കുമെന്ന് ഹൈഡ്രോ വക്താവ് അറിയിച്ചു. പഴയ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ശൈത്യകാലത്തെ വൈദ്യുതി ക്ഷാമം ഒഴിവാക്കാനും അടുത്ത 20 വർഷത്തിനുള്ളിൽ 3100 കോടി ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. മുൻപ് സർക്കാർ പ്രഖ്യാപിച്ച ‘നിരക്ക് മരവിപ്പിക്കൽ’ തീരുമാനം കമ്പനിയുടെ കടബാധ്യത വർധിപ്പിച്ചുവെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, ഹൈഡ്രോയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ വർധന അനിവാര്യമാണെന്നാണ് സർക്കാർ പ്രതികരിച്ചു.
