ടൊറന്റോ : വീടുകളിലും വാടക കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റവുമായി ഒന്റാരിയോ. ജനുവരി 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ള (furnace, water heater, stove തുടങ്ങിയവ) വീടുകളുടെ എല്ലാ നിലകളിലും നിർബന്ധമായും പ്രവർത്തനക്ഷമമായ കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഉണ്ടായിരിക്കണം. നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്. മണമോ നിറമോ ഇല്ലാത്ത ഈ മാരക വാതകം ശ്വസിക്കുന്നത് വഴി കാനഡയിൽ പ്രതിവർഷം ശരാശരി അൻപതിലധികം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ശൈത്യകാലത്ത് ജനലുകളും വാതിലുകളും അടച്ചിടുന്നതിനാൽ കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടായാൽ അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. അതിനാൽ അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാറ്ററികൾ പരിശോധിക്കണമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. അലാറം മുഴങ്ങിയാൽ ഉടൻ തന്നെ വീടിന് പുറത്തിറങ്ങുകയും 911-ൽ വിളിച്ച് വിവരം അറിയിക്കുകയും വേണം. ഇതിനുപുറമെ, എല്ലാ വർഷവും ഗ്യാസ് ഉപകരണങ്ങൾ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും വീടിന് പുറത്തുള്ള വെന്റുകൾ മഞ്ഞുവീഴ്ചയിൽ തടസ്സപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
