ടൊറന്റോ: ഈഗ്ലിന്റൺ അവന്യൂ ഈസ്റ്റ്, ഡൺഫീൽഡ് അവന്യൂവിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു സ്‌ത്രീ മരിച്ചു. രാവിലെ 7.15-ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ രണ്ട് വാഹനങ്ങൾ ഇടിച്ചതായാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ രണ്ട് വാഹനങ്ങളും നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പാരാമെഡിക്‌സ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട രണ്ട് വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൽ ഒരു വാഹനത്തെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചു.

അപകടത്തിൽ ഉൾപ്പെട്ട എസ്.യു.വി ഈഗ്ലിന്റൺ അവന്യൂവിലൂടെ പടിഞ്ഞാറ് ദിശയിലേക്ക് പോയെന്നാണ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി യങ് സ്ട്രീറ്റിനും ലിലിയൻ സ്ട്രീറ്റിനും ഇടയിലുള്ള ഈഗ്ലിന്റൺ അവന്യൂ താൽക്കാലികമായി അടച്ചു. പ്രദേശം പോലീസ് നിയന്ത്രണത്തിലാണ്. അപകടം നടന്ന സമയത്ത് അവിടെയുണ്ടായിരുന്നവരോ, ദൃശ്യങ്ങൾ ലഭിച്ച ഡാഷ് കാമറ ഉടമകളോ വിവരങ്ങൾ കൈമാറണമെന്ന് ടൊറന്റോ പോലീസ് അഭ്യർത്ഥിച്ചു.
