Friday, January 2, 2026

പലസ്തീനെ മറക്കില്ല; ഗാസയ്ക്ക് പിന്തുണയുമായി തുര്‍ക്കിയില്‍ കൂറ്റന്‍ റാലി

ഇസ്താംബൂള്‍: പുതുവര്‍ഷ ദിനത്തില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ലക്ഷങ്ങള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനം. ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലെ വെടിനിര്‍ത്തല്‍ ‘മന്ദഗതിയിലുള്ള വംശഹത്യ’ ആണെന്നും ആരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തുര്‍ക്കിയിലെ നാഷണല്‍ വില്‍ പ്ലാറ്റ്ഫോമിന് കീഴില്‍ 400-ലധികം സിവില്‍ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഗലാറ്റ പാലത്തില്‍ ജനസാഗരം ഇരമ്പിയെത്തി. ‘ഞങ്ങള്‍ നിശബ്ദരാകില്ല, പലസ്തീനെ മറക്കില്ല’ എന്നതായിരുന്നു റാലിയുടെ പ്രധാന മുദ്രാവാക്യം. പലസ്തീന്‍, തുര്‍ക്കി പതാകകള്‍ ഏന്തിയും കഫിയ്യ ധരിച്ചും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കാളികളായി.

പ്രശസ്ത ലെബനീസ്-സ്വീഡിഷ് ഗായകന്‍ മാഹര്‍ സൈന്‍ റാലിയില്‍ പങ്കെടുക്കുകയും ‘ഫ്രീ പലസ്തീന്‍’ എന്ന ഗാനം ആലപിക്കുകയും ചെയ്തത് പ്രതിഷേധത്തിന് ആവേശം പകര്‍ന്നു. തുര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷ കക്ഷികളുടെയും പ്രവര്‍ത്തകര്‍ ഭേദമന്യേ ഈ പ്രതിഷേധത്തില്‍ അണിനിരന്നു എന്നത് ശ്രദ്ധേയമാണ്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാന്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

നിലവിലെ വെടിനിര്‍ത്തല്‍ പ്രഹസനമാണെന്നും അത് ഗസ്സയിലെ രക്തച്ചൊരിച്ചിലിന് അറുതി വരുത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രം 400-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് റാലിയില്‍ ഉയര്‍ത്തിക്കാട്ടി. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗാസയിലേക്കുള്ള സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കണമെന്നും ഇസ്താംബൂള്‍ പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!