വാഷിങ്ടൺ : ഇറാൻ ഭരണകൂടത്തിനെതിരെ ധീരമായി തെരുവിലിറങ്ങിയ ജനതയ്ക്ക് പൂർണ്ണ പിന്തുണയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമം അഴിച്ചുവിട്ടാൽ ലോകം നോക്കിനിൽക്കില്ലെന്നും, അമേരിക്ക അവർക്ക് കാവലായി എത്തുമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകി. വർഷങ്ങളായുള്ള അഴിമതിയും ഭീകരവാദത്തിന് പണം ചിലവാക്കുന്ന ഭരണകൂടത്തിന്റെ നയങ്ങളുമാണ് ഇറാനെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇറാൻ ജനതയുടെ പണം മോഷ്ടിച്ച് വിദേശത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഭരണകൂടത്തെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പട്ടിണിയിലായ ജനങ്ങളെ വെടിവച്ചുകൊല്ലുന്നത് നിർത്തണമെന്നും, അവരുടെ ശബ്ദം കേൾക്കാൻ ഇറാൻ ഭരണകൂടം തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും വില കൂടി. വ്യാപാരികളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നാലെ വിദ്യാർത്ഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു.
