ഓട്ടവ : കാനഡയിലെ ശതകോടീശ്വരന്മാരായ സിഇഒമാരുടെ വരുമാനവും സാധാരണ തൊഴിലാളികളുടെ വേതനവും തമ്മിലുള്ള അന്തരം റെക്കോർഡ് വേഗതയിൽ വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. 2025 ജനുവരി രണ്ടാം തീയതി രാവിലെ 9:23 ആയപ്പോഴേക്കും കാനഡയിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന 100 സിഇഒമാർ, ഒരു സാധാരണ തൊഴിലാളി ഒരു വർഷം മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്ന തുക സമ്പാദിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു സിഇഒയുടെ ശരാശരി വാർഷിക വരുമാനം 1.62 കോടി ഡോളറിലെത്തിയിരിക്കുകയാണെന്ന് കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സിന്റെ (CCPA) കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഒരു സാധാരണ തൊഴിലാളിയുടെ ശമ്പളത്തേക്കാൾ 248 മടങ്ങ് കൂടുതലാണ്.

സാധാരണക്കാർ നിത്യജീവിതത്തിനായി ബുദ്ധിമുട്ടുമ്പോഴും വൻകിട കമ്പനികൾ കൊള്ളലാഭം കൊയ്യുന്നതാണ് ഈ അസമത്വത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനും വീട്ടുവാടകയ്ക്കുമായി ജനങ്ങൾ അധികം നൽകുന്ന പണം ഒടുവിൽ സിഇഒമാരുടെ ബോണസുകളിലേക്കും ഓഹരി ലാഭത്തിലേക്കുമാണ് എത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 2020-ന് ശേഷം സിഇഒമാരുടെ വരുമാനത്തിൽ 49 ശതമാനം വർധനയുണ്ടായപ്പോൾ തൊഴിലാളികളുടെ വേതനത്തിൽ വെറും 15 ശതമാനം വർധന മാത്രമാണ് ഉണ്ടായത്. നികുതി നയങ്ങളിലെ ഇളവുകളും കോർപ്പറേറ്റ് സ്വാധീനവും ഈ സാമ്പത്തിക അസമത്വം വർധിപ്പിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
