Friday, January 2, 2026

‘ബലൂചിസ്ഥാനുമായി സഹകരിക്കണം’; പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ജയ്‌ശങ്കറിന് ബലൂച് നേതാവിന്റെ കത്ത്‌

ക്വറ്റ: പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് തുറന്ന കത്തുമായി ബലൂച് നേതാവ് മിർ യാർ ബലൂച്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനു’മായി ഇന്ത്യ കൂടുതൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുതുവത്സരദിനത്തിൽ എക്‌സിലൂടെയാണ് ബലൂച് നേതാവ് ഇന്ത്യയുടെ പിന്തുണ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് പങ്കുവെച്ചത്. ജയ്‌ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേരുകയും പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരതയ്ക്കെതിരെയുള്ള മോദി സർക്കാരിന്റെ സുരക്ഷാ നിലപാടുകളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് കത്തിലൂടെ ബലൂച് പ്രതിനിധി. 2025 ഏപ്രിലിലെ പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (PoK) ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഭീകരവാദത്തിനെതിരായ ആക്രമണത്തെയും മിർ യാർ പ്രശംസിച്ചു.

ഹിംഗോൾ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന നാനി മന്ദിർ എന്നും അറിയപ്പെടുന്ന ഹിംഗ്‌ലജ് മാതാ ക്ഷേത്രം ചൂണ്ടിക്കാട്ടി ഇന്ത്യയും ബലൂചിസ്ഥാനും തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് മിർ യാർ ഊന്നിപ്പറഞ്ഞു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവും ആത്മീയവുമായ ബന്ധങ്ങളുടെ ജീവനുള്ള പ്രതീകമായി ക്ഷേത്രത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധങ്ങൾ സുരക്ഷാ ആശങ്കകൾക്കപ്പുറമുള്ള അടുത്ത സഹകരണത്തിനുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. ഗുരുതരവും ആസന്നവുമായ അപകടം എന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധത്തെ മിർ യാർ വിശേഷിപ്പിച്ചത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) ‘അവസാന ഘട്ടങ്ങളിലേക്ക്’ പ്രവേശിച്ചുവെന്നും പ്രാദേശിക പ്രതിരോധം ഇല്ലാതായാൽ ചൈനക്ക് ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിക്കാനാകുമെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.

അത്തരം ഒരു വികസനം, ബലൂചിസ്ഥാന് മാത്രമല്ല ഇന്ത്യയുടെ സുരക്ഷയ്ക്കും നേരിട്ടുള്ള വെല്ലുവിളിയാകുമെന്ന് അദ്ദേഹം കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ പാക്കിസ്ഥാൻ സുരക്ഷാ സേനയും ബലൂച് വിഘടനവാദി ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രൂക്ഷമായിട്ടുണ്ട്. ബലൂചിസ്ഥാനിലും പരിസരങ്ങളിലും തുടരുന്ന അസ്വസ്ഥതകൾക്കിടയിലാണ് ഇന്ത്യയുടെ പിന്തുണ അഭ്യർഥിച്ചുകൊണ്ടുള്ള ബലൂച് നേതാവിന്റെ കത്ത് എന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!