ഓട്ടവ: കാനഡയിലുടനീളം പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് വ്യാപിപ്പിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി(CFIA). പ്രശസ്ത ചോക്ലേറ്റ് ബ്രാൻഡായ ‘പീസ് ബൈ ചോക്ലേറ്റ്’ ഉൾപ്പെടെയുള്ള കമ്പനികളുടെ മുന്നൂറിലധികം ഉൽപ്പന്നങ്ങളാണ് ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത പിസ്തകളിൽ സാൽമൊണല്ല ബാധ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.
സാൽമൊണല്ല ബാധിച്ച ഭക്ഷണം കണ്ടാലോ മണത്താലോ കേടുവന്നതായി തോന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇത് കഴിക്കുന്നത് വഴി വയറിളക്കം, പനി, ഛർദ്ദി എന്നിവ ഉണ്ടാകാം. മുതിർന്നവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഈ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, കയ്യിലുള്ള പിസ്ത ഉൽപ്പന്നങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ അധികൃതർ നിർദ്ദേശിച്ചു.

സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതിക്ക് കാനഡ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. എവിടെ നിന്നാണ് വന്നതെന്ന് കൃത്യമായി അറിയാത്ത പിസ്തകൾ പാചകം ചെയ്യാനോ ബേക്ക് ചെയ്യാനോ ഉപയോഗിക്കരുതെന്നാണ് നിർദേശം. ആളുകളുടെ പക്കലുള്ള പിസ്ത പാക്കറ്റുകൾ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് CFIA അറിയിച്ചു.
