ഓട്ടവ : കാനഡയിൽ വർക്ക് പെർമിറ്റുകളുടെ കാലാവധി കൂട്ടത്തോടെ അവസാനിക്കുന്നതോടെ കുടിയേറ്റക്കാർ പ്രതിസന്ധിയിൽ. 2025 അവസാനത്തോടെ പത്ത് ലക്ഷത്തിലധികം വർക്ക് പെർമിറ്റുകൾ കാലാവധി പൂർത്തിയാക്കിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ൽ 9,27,000 പെർമിറ്റുകൾ കൂടി അവസാനിക്കുന്നതോടെ, റെക്കോർഡ് എണ്ണം ആളുകൾ നിയമപരമായ താമസ രേഖകളില്ലാതെ കാനഡയിൽ തുടരേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 3,15,000 പെർമിറ്റുകളാണ് അവസാനിക്കുന്നത്. ഇത്തരത്തിൽ വർക്ക് പെർമിറ്റ് നഷ്ടപ്പെടുന്നവരിൽ പകുതിയോളം പേർ ഇന്ത്യക്കാരാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.

വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് സ്ഥിരതാമസത്തിനുള്ള (PR) അവസരങ്ങൾ കുറയുന്നതും കാനഡ വീസ നിബന്ധനകൾ കടുപ്പിച്ചതും തിരിച്ചടിയാണ്. 2026 പകുതിയോടെ കാനഡയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നേക്കാമെന്നും അതിൽ പത്ത് ലക്ഷത്തോളം പേർ ഇന്ത്യക്കാരായിരിക്കുമെന്നും ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഠന പെർമിറ്റുകൾ അവസാനിക്കുന്നതും അഭയാർത്ഥി അപേക്ഷകൾ തള്ളുന്നതും ഈ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കും.

രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നത് ഗ്രേറ്റർ ടൊറൻ്റോ ഏരിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പുതിയ സാമൂഹിക പ്രശ്നങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. പലരും വനമേഖലകളിലും മറ്റും താൽക്കാലിക തമ്പുകൾ അടിച്ച് താമസിക്കുന്നതായും തുച്ഛമായ കൂലിക്ക് അനധികൃതമായി ജോലി ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, വിദേശ തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനുള്ള വഴികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ‘നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്ക്’ പോലുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കാനഡയുടെ വികസനത്തിനായി അധ്വാനിക്കുന്നവർക്ക് അവിടെ തുടരാൻ അർഹതയുണ്ടെന്നാണ് ഇത്തരം സംഘടനകളുടെ നിലപാട്.
