തിരുവനന്തപുരം∙ പതിനൊന്നുമാസം മുമ്പ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ തിരക്കിട്ട നീക്കം. നീണ്ട കാലയളവിൽ ഒരു നടപടിയും എടുക്കാത്ത സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട് നടന്നോ എന്ന് സി.ബി.ഐയ്ക്ക് പരിശോധിക്കാമെന്നായിരുന്നു വിജിലൻസ് ശുപാർശ. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഈ ശുപാർശയിൽ നടപടിയെടുക്കാനാണ് സർക്കാർ ധൃതിവയ്‌ക്കുന്നത്.

വിദേശ പണപ്പിരിവിൽ വി.ഡി. സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് 2023 ജൂണിലായിരുന്നു അതേ സമയം പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്താൻ വിജിലൻസിനായില്ല. വിദേശത്തുനിന്ന് പിരിച്ച പണത്തെ കുറിച്ച് അന്വേഷിക്കാമെന്നായിരുന്നു ശുപാര്‍ശ. 2020 ൽ വി.ഡി.സതീശനെതിരെ പരാതി ലഭിച്ചെങ്കിലും 2023ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. ഈ വിഷയം ഹൈക്കോടതി രണ്ടുവട്ടം തള്ളിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഈ ആരോപണം നിയമസഭയിൽ ഭരണപക്ഷം ഉയർത്തിയപ്പോൾ, വേണമെങ്കിൽ വിജിലൻസ് അന്വേഷിക്കൂ എന്നായിരുന്നു സതീശൻ്റെ വെല്ലുവിളി. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടു തകർന്ന 280 പേർക്ക് ‘പുനർജനി’ പദ്ധതിയിൽ വീടു നിർമിച്ചു നൽകിയിരുന്നു. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്പോൺസർഷിപ്പിലായിരുന്നു പണിതത്.
