ചെന്നൈ: അച്ഛൻ മരിച്ച് ഒരു മാസം തികയും മുമ്പേ സഹോദരിയേയും നഷ്ടമായതിൻ്റെ വേദനയിൽ ഗായിക ചിത്രാ അയ്യർ. ചിത്രയുടെ സഹോദരി ശാരദ ഒമാനിൽ ട്രെക്കിംഗിനിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. മസ്‌കറ്റിലെ മലനിരകളിൽ ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളിൽ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. ഏറെ ആവേശത്തോടെ പോയ യാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുമെന്ന് പ്രിയപ്പെട്ടവർ കരുതിയിരുന്നില്ല. തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിയോഗവാർത്ത ചിത്ര അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

“എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഒമാനിലെ മസ്‌കറ്റിൽ ട്രെക്കിംഗിനിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടത്തിൽ അന്തരിച്ചു. ഞങ്ങൾ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്,” എന്ന് ചിത്ര കുറിച്ചു. 2025 ഡിസംബർ മാസത്തിലായിരുന്നു ചിത്രയുടെ അച്ഛൻ ആർ. ഡി. അയ്യർ മരിച്ചത്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്രയ്ക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിത്രയും കുടുംബവും.
