ധാക്ക : ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ കർശന നിലപാടിനെത്തുടർന്ന് ടൂർണമെന്റ് ഷെഡ്യൂളിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് നിലവിലെ നീക്കം. കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന നാല് മത്സരങ്ങളാണ് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്ക് മാറ്റാൻ സാധ്യതയുള്ളത്. ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതും തുടർന്നുണ്ടായ രാഷ്ട്രീയ തർക്കങ്ങളുമാണ് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബംഗ്ലാദേശിന്റെ തീരുമാനത്തിന് പിന്നിൽ.

ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളും ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതുമായി ബന്ധപ്പെട്ട നയതന്ത്ര പ്രശ്നങ്ങളുമാണ് കായികരംഗത്തെയും ബാധിച്ചത്. കളിക്കാരുടെ ആത്മാഭിമാനത്തിനാണ് മുൻഗണനയെന്നും ഇന്ത്യയിൽ കളിക്കുന്നത് ഉചിതമല്ലെന്നും ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി. കൂടാതെ മുസ്താഫിസുർ റഹ്മാന്റെ എൻഒസി (NOC) പിൻവലിക്കാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ടൂർണമെന്റ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വേദി മാറ്റാനുള്ള തീരുമാനം ഐസിസിക്ക് വലിയ വെല്ലുവിളിയാണ്.
