ടൊറൻ്റോ : നോർത്ത് യോർക്കിൽ GO ബസിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ യോർക്ക്‌ഡെയ്‌ൽ GO ബസ് ടെർമിനലിൽ ഒരു ബസിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് വിൽസൺ, ലോറൻസ് വെസ്റ്റ് സ്റ്റേഷനുകൾക്കിടയിലുള്ള സബ്‌വേ സർവീസ് മൂന്ന് മണിക്കൂറിലധികം നിർത്തിവച്ചിരുന്നു. രാത്രി 10:30 ന് ശേഷം സർവീസ് പുനരാരംഭിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സമീപത്തുള്ള സബ്‌വേ സ്റ്റേഷനിൽ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊല്ലപ്പെട്ട ആളുടെ പ്രായം ഉൾപ്പെടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
