Saturday, March 14, 2026

റെക്കോർഡുകൾ തകർത്ത് യുഎസ് മദ്യവിൽപ്പന; കാനഡയിൽ തരംഗമായി ബർബനും റെഡ് വൈനും

സെന്റ് ജോൺസ്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെത്തുടർന്ന് മാറ്റിവെച്ച മദ്യശേഖരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിറ്റഴിച്ച് അറ്റ്‌ലാന്റിക് പ്രവിശ്യകൾ. നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിലെ ലിക്വർ കോർപ്പറേഷനുകൾ തങ്ങളുടെ പക്കലുള്ള പകുതിയോളം അമേരിക്കൻ മദ്യം ഇതിനകം വിറ്റഴിച്ചതായി അറിയിച്ചു. വിപണനത്തിന്റെ ആദ്യ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നും കടകൾ തുറക്കുന്നതിന് മുൻപ് തന്നെ നൂറുകണക്കിന് ആളുകൾ ക്യൂ നിന്നിരുന്നതായും ലിക്വർ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഭീഷണികൾക്ക് മറുപടിയായാണ് കഴിഞ്ഞ വർഷം കാനഡയിലുടനീളം യുഎസ് മദ്യ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചത്. എന്നാൽ ക്രിസ്മസ് കാലം ആരംഭിച്ചതോടെ, കെട്ടിക്കിടക്കുന്ന ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും അതിൽ നിന്നുള്ള ലാഭം ഫുഡ് ബാങ്ക് പോലുള്ള ജീവകാരുണ്യ സംഘടനകൾക്ക് നൽകാനും നോവസ്കോഷ, പിഇഐ, ന്യൂഫിൻലൻഡ് പ്രവിശ്യകൾ തീരുമാനിക്കുകയായിരുന്നു. നോവസ്കോഷയിൽ മാത്രം ഇതുവരെ 70 ലക്ഷം ഡോളറിന്റെ വിൽപന നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റെഡ് വൈൻ, ബർബൻ, വോഡ്ക എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മേക്കേഴ്സ് മാർക്ക്, ജാക്ക് ഡാനിയൽസ്, ടിറ്റോസ് വോഡ്ക എന്നിവയാണ് സ്പിരിറ്റ് വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത്. കാലിഫോർണിയൻ വൈനുകൾക്കും പ്രിയമേറെയാണ്. ഈ വ്യാപാരയുദ്ധത്തിൽ കാനഡയുടെ നിലപാട് ശക്തമാക്കാൻ ഇത്തരം നടപടികൾ സഹായിച്ചുവെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബാക്കിയുള്ള ശേഖരം കൂടി വിറ്റുതീരുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!