മൺട്രിയോൾ : ഡിസംബറിൽ മൺട്രിയോൾ മേഖലയിലെ വീടുകളുടെ വിൽപ്പന കുറഞ്ഞതായി കെബെക്ക് റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. അതേസമയം 2025-ൽ നഗരത്തിലെ മൊത്തം വീടുകളുടെ വിൽപ്പന വർധിച്ചതായും ബോർഡ് അറിയിച്ചു. മൺട്രിയോൾ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിൽ ഡിസംബറിൽ 2,831 പ്രോപ്പർട്ടികൾ കൈമാറ്റം ചെയ്യപ്പെട്ടതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് പറയുന്നു. 2024 ഡിസംബറിൽ ഇത് 3,145 ആയിരുന്നു.

ഡിസംബറിൽ പുതിയ ലിസ്റ്റിങ്ങുകൾ ആകെ 2,529 ആയി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ്. എന്നാൽ 2025-ൽ മൊത്തത്തിൽ 9.4% വർധന ലിസ്റ്റിങ്ങുകളിൽ ഉണ്ടായിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. വർഷത്തിലെ അവസാന മാസത്തിൽ എല്ലാ വിഭാഗങ്ങളിലെയും വീടുകളുടെ വില വർധിച്ചു. സിംഗിൾ ഫാമിലി വീടുകളുടെ വില 7.8% വർധിച്ച് 625,000 ഡോളറായി. ഡിസംബറിൽ ഒരു പ്ലെക്സിന്‍റെ ശരാശരി വില 4.1% വർധിച്ച് 830,000 ഡോളറിലെത്തിയപ്പോൾ കോണ്ടോമിനിയത്തിന്‍റെ ശരാശരി വില 1.4% ഉയർന്നു 425,000 ഡോളറിലുമെത്തി.
