റെജൈന : തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചതോടെ ഡിസംബറിൽ സസ്കാച്വാനിലെ തൊഴിലില്ലായ്മ നിരക്ക് 0.9% പോയിൻ്റ് വർധിച്ച് 6.5 ശതമാനമായി. പ്രവിശ്യയിൽ 4,000 തൊഴിലവസരങ്ങൾ കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക രംഗത്ത് പുതിയ തൊഴിലവസരങ്ങൾ ഉണ്ടായെങ്കിലും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയർന്നതായും ഫെഡറൽ ഏജൻസി പറയുന്നു. തൊഴിലില്ലായ്മ നിരക്കിലെ ഈ മാറ്റം താത്കാലികമാണെന്നും വരും മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.

പ്രവിശ്യയിൽ ജോലികളും അവസരങ്ങളും കുറഞ്ഞതായി സസ്കാച്വാൻ എൻഡിപി ലീഡർ കാർല ബെക്ക് ആരോപിച്ചു. ജോലി ഇല്ലാത്ത അവസ്ഥയ്ക്ക് ഒപ്പം വൈദ്യുതി നിരക്കുകളും നികുതികളും വർധിച്ചതോടെ യുവാക്കളും വിദഗ്ധ തൊഴിലാളികളും കൂട്ടത്തോടെ പ്രവിശ്യ വിട്ടുപോകുന്നതായും അവർ കുറ്റപ്പെടുത്തി. അതേസമയം കഴിഞ്ഞ വർഷം പ്രവിശ്യയിൽ 15,200 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്നും പ്രവിശ്യകളിൽ ഏറ്റവും കുറഞ്ഞ വാർഷിക തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി രേഖപ്പെടുത്തിയെന്നും സസ്കാച്വാൻ പാർട്ടി സർക്കാർ പറയുന്നു.
