മിസ്സിസാഗ : പീൽ മേഖലയിൽ വാഹനമോഷണം തുടർക്കഥയാകുന്നു. 2023 മുതൽ, മിസ്സിസാഗയിലും ബ്രാംപ്ടണിലും വാഹനമോഷണങ്ങൾ വർധിച്ചുവരികയാണ്. പുതുവർഷം പിറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ ഈ പ്രവണത മന്ദഗതിയിലാകുന്നതിന്‍റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. ജനുവരി 1 മുതൽ ജനുവരി 10 വരെ, മിസ്സിസാഗയിൽ 44 ഉം ബ്രാംപ്ടണിൽ 26 ഉം അടക്കം 70 വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.

ശനിയാഴ്ച വരെ, ഒരു വാഹന മോഷണ കേസ് പരിഹരിച്ചു, 68 എണ്ണം ഇപ്പോഴും അന്വേഷണത്തിലാണ്. മോഷ്ടിക്കപ്പെട്ട വാഹനങ്ങളിൽ 58 എണ്ണം കാറുകളാണ്. കൂടാതെ ഒരു മോട്ടോർ സൈക്കിളും 11 ട്രക്കുകളും മോഷണം പോയ വാഹനങ്ങളിൽ ഉൾപ്പെടുന്നു. ബ്രിസ്‌ഡെയ്ൽ ഡ്രൈവ്, സിറ്റി സെന്‍റർ ഡ്രൈവ്, ഗ്രേറ്റ് ലേക്‌സ് ഡ്രൈവ്, ഹുറാൻ്റാരിയോ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ മോഷണം പോയിരിക്കുന്നത്. കാർ മോഷണങ്ങളുടെ പ്രവണത പരിശോധിക്കുമ്പോൾ, ചില പ്രദേശങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ അപകടസാധ്യതയുള്ളവയാണ്.

വാഹനമോഷണം തടയുന്നതിന് ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു. വാഹനമോഷണം തടയുന്നതിന് വാഹനം ലോക്ക് ചെയ്ത ഗാരേജിൽ പാർക്ക് ചെയ്യുക, സ്റ്റിയറിങ് വീൽ ലോക്ക് ഉപയോഗിക്കുക, ഡാറ്റാ പോർട്ടിൽ ഒരു ലോക്ക് ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും പൊലീസ് പങ്കുവെക്കുന്നു.
