വാഷിങ്ടൺ : ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി കാനഡ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ വാഷിങ്ടണിലെത്തി. ഇന്ന് (ജനുവരി 12) നടക്കുന്ന വിവിധ ഉന്നതതല യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ആതിഥേയത്വം വഹിക്കുന്ന ജി7 ധനമന്ത്രിമാരുടെ യോഗമാണ് കനേഡിയൻ ധനമന്ത്രിയുടെ യുഎസ് സന്ദർശനത്തിലെ പ്രധാന അജണ്ട.

ലോകരാജ്യങ്ങൾക്ക് ആവശ്യമായ നിർണ്ണായക ധാതുക്കളുടെ (Critical Minerals) സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യും. കൂടാതെ, വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകളും നടത്തും. കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്താൻ സാധ്യതയുള്ള പുതിയ നികുതി വ്യവസ്ഥകളും അതിർത്തി കടന്നുള്ള ചരക്ക് നീക്കത്തിലെ തടസ്സങ്ങളും ഒഴിവാക്കുകയാണ് സന്ദർശനത്തിന്‍റെ മറ്റൊരു ലക്ഷ്യം. വടക്കേ അമേരിക്കൻ രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സുരക്ഷിതത്വവും ഊർജ്ജ വിതരണത്തിലെ പരസ്പര സഹകരണവും കൂടിക്കാഴ്ചകളിൽ മുഖ്യവിഷയങ്ങളാകും. കാനഡ നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും മുന്നോട്ട് പോകേണ്ട സമയമാണിതെന്നും നിർണായക ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നതിൽ നിന്ന് യൂറോപ്പിനെ ഒഴിവാക്കാൻ ഇതിലൂടെ സഹായിക്കാനാകുമെന്നും ഷാംപെയ്ൻ കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
