ഹാലിഫാക്സ് : പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാരിടൈംസിലുടനീളമുള്ള നിരവധി സ്കൂളുകൾക്ക് തിങ്കളാഴ്ച അവധിയാണ്. മാരിടൈംസ് പ്രവിശ്യകളിൽ ഞായറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, ഫ്രീസിങ് റെയിൻ എന്നിവ അനുഭവപ്പെടുന്നുണ്ട്.
നോവസ്കോഷയിലെ പിക്റ്റൗ, ആൻ്റിഗോണിഷ് കൗണ്ടികളിലും തെക്കൻ കെയ്പ് ബ്രെറ്റണിലും അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മേഖലയിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ശക്തമായ കാറ്റിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതേസമയം കെയ്പ് ബ്രെറ്റണിലെ ഇൻവെർനെസ് കൗണ്ടി, വിക്ടോറിയ കൗണ്ടി എന്നിവിടങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും 100 കിലോമീറ്റർ വരെ വേഗത്തിൽ പടിഞ്ഞാറൻ കാറ്റും വീശും. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ കിങ്‌സ് കൗണ്ടിയിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് പ്രവചനമുണ്ട്. ന്യൂബ്രൺസ്വിക്കിൽ മുമ്പ് നിലവിലുണ്ടായിരുന്ന മഞ്ഞുവീഴ്ച മുന്നറിയിപ്പുകൾ അവസാനിച്ചു.

സ്‌കൂളുകൾക്ക് അവധി
വടക്കൻ നോവസ്കോഷയിലെയും ന്യൂബ്രൺസ്വിക്കിലെയും നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിലെ പല സ്‌കൂളുകളും ഒരു മണിക്കൂർ വൈകിയാണ് തുറന്നത്.
വൈദ്യുതി തടസ്സം
ഉച്ചയ്ക്ക് 12:30 വരെ, ഏഴായിരത്തോളം നോവസ്കോഷ പവർ ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഏഴ് മാരിടൈം ഇലക്ട്രിക് ഉപയോക്താക്കൾക്കും വൈദ്യുതി ഇല്ല. ന്യൂബ്രൺസ്വിക്കിൽ 76 ഉപയോക്താക്കൾക്കും തടസ്സം നേരിടുന്നുണ്ട്.

യാത്ര
ശക്തമായ കാറ്റ് കാരണം കോൺഫെഡറേഷൻ പാലത്തിലൂടെ ചില തരം വാഹനങ്ങൾ കുറുകെ കടക്കുന്നത് നിരോധിച്ചിരിക്കുന്നു. ടോവിങ് ട്രെയിലറുകൾ, മോട്ടോർ സൈക്കിളുകൾ, ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ, ട്രാക്ടർ-ട്രെയിലറുകൾ, വിനോദ വാഹനങ്ങൾ, ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൻ്റ് ജോൺസിൽ നിന്ന് ഹാലിഫാക്സ് സ്റ്റാൻഫീൽഡിലേക്കുള്ള വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
